Saturday 23 June 2012

എന്നൊടൊത്തുണരുന്ന പുലരികളേ...

ചില പാട്ടുകൾ അങ്ങനെയാണ്.. വരികളും, സംഗീതത്തേക്കാളുമുപരിയായി മനസ്സിനെ തൊടുന്ന ചില ഓർമ്മകളിലൂടെയാണ് പ്രിയപ്പെട്ടതാകുന്നത്. 

യുട്യുബിനും, എമ്പിത്രിക്കും മുൻപുള്ള യുഗം. രണ്ടാഴ്ചയോളം നീണ്ട ആശുപത്രിവാസത്തിനിടയിൽ, ഫുട്പാത്ത് കച്ചവടക്കാരനിൽ നിന്നും വാങ്ങിയ കോയമ്പത്തൂർ മെയ്ഡ് വാക്ക്മാൻ സെറ്റിൽ ആവർത്തിച്ച് കേട്ടിരുന്ന ഒരു പാട്ട്.. മരുന്നുകളുടേയും ഡെറ്റോളിന്റെയും മണം.. ഫ്ലാസ്കിലെ ചായ പകർന്ന് മുക്കികഴിക്കുന്ന റെസ്കിന്റെ മടുപ്പിക്കുന്ന രുചി. ഇടയ്ക്കിടെയുള്ള മയക്കത്തിൽ കണ്ട വിചിത്ര സ്വപ്നങ്ങൾ. നീല കരയുള്ള ഷീറ്റ് വിരിച്ച ബെഡിൽ കിടന്നുകൊണ്ട് കണ്ട ജാലകപ്പുറ കാഴ്ചകൾ. ഗേറ്റ് മുതൽ ആശുപത്രി കോമ്പൌണ്ട് വരെ നിര നിരയായി നിൽക്കുന്ന കാറ്റാടി മരങ്ങൾ. അഡ്മിറ്റായ അന്നു മുതൽ, ‘പെട്ടന്ന് സുഖായി വീട്ടിൽ പോകാം‘ എന്ന് ആ‍ശ്വസിപ്പിച്ച്കൊണ്ട് ഒരു പുഞ്ചിരിയോടെ ഇടയ്ക്കിടെ മരുന്നും, ഇഞ്ചക്ഷനുമായി വരുന്ന നഴ്സ് സി. ആനി, 'പടം വരക്കാനിഷ്ടമല്ലേ, ബോറടിക്കുമ്പോൾ എന്തെങ്കിലും വരക്കൂ' എന്ന് പറഞ്ഞ് നോട്ട്പാടും പേനയും തന്നത്.. വരക്ക് പകരം എന്തൊക്കെയോ അതിൽ കുത്തിക്കുറിച്ച് എഴുതിയത് പിന്നീട് മാത്രഭൂമി ബാലപംക്തിയിലേക്ക് അയച്ച് കൊടുത്ത് പ്രസിദ്ധീകരിക്കപ്പെടാനിടയാക്കിയ കൂട്ടുകാരൻ രഞ്ജിത്ത്.. 
വല്ലാത്തൊരു സൂതിംഗ് ഇഫക്ട് ഉണ്ടായിരുന്നു ഈ പാട്ടിന്.